ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നയതന്ത്രബന്ധം വീണ്ടും ഊട്ടിയുറപ്പിക്കുന്നതിന്റെ സൂചനകള്‍ നല്‍കി ഇരുരാജ്യങ്ങളും തമ്മില്‍ വിദ്യാഭ്യാസ കരാറില്‍ ഒപ്പുവച്ചു. കരാര്‍ പ്രകാരം വിദ്യാഭ്യാസ വിചക്ഷണന്‍മാര്‍ അംഗമായുള്ള ഇന്ത്യ-ഓസ്‌ട്രേലിയ എജ്യൂക്കേഷന്‍ കൗണ്‍സിലിന് രൂപം നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ പരസ്പര സഹകരണം വര്‍ധിപ്പിക്കാനും തീരുമാനമായതായി ഇരു രാജ്യങ്ങളിലെയും മന്ത്രിമാര്‍ ഒപ്പിട്ട കരാറില്‍ തീരുമാനമായിട്ടുണ്ട്.
ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജര്‍ക്കുനേരേ അതിക്രമങ്ങള്‍ പെരുകിയതിനെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ഥിയായ നിഥിന്‍ ഗാര്‍ഗിന്റെ കൊലപാതകം പ്രശ്‌നം കൂടുതല്‍ വഷളാവുകയും ചെയ്തു. ഓസ്‌ട്രേലിയയിലേക്കു പോകുന്നതില്‍ നിന്ന് വിദ്യാര്‍ഥികള്‍ സ്വയം നിയന്ത്രിക്കണമെന്ന് ഉത്തരവിറക്കാന്‍പോലും ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായിരുന്നു. അതിനുശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഒരു പ്രധാന കരാറില്‍ ഒപ്പുവച്ചത്.
ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ മാനവവിഭവശേഷി മന്ത്രി കപില്‍ സിബലും ഓസ്‌ട്രേലിയന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡുമാണ് നിര്‍ണായക കരാറില്‍ ഒപ്പുവച്ചത്. ഇതിനുമുമ്പ് കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാര്‍ക്കുനേരേയുള്ള ആക്രമണങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്ന് കപില്‍ സിബല്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഓസ്‌ട്രേലിയയിലേക്കു പോകുന്നതിനു സര്‍ക്കാര്‍ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും സിബല്‍ വെളിപ്പെടുത്തി.
ആക്രമണങ്ങള്‍ക്കു തടയിടാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ സ്വീകരിച്ച ക്രിയാത്മക നടപടികളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സംതൃപ്തരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍പ്രകാരം വിക്‌ടോറിയയിലേക്കുള്ള ഇന്ത്യയില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ നാല്‍പതു ശതമാനത്തോളം കുറവുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുന്‍വര്‍ഷം 6303 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിക്‌ടോറിയയിലെത്തിയപ്പോള്‍ ഈ വര്‍ഷം അത് 3761 എണ്ണമായി കുറഞ്ഞു. പുതിയ കരാര്‍ ഒപ്പുവച്ചതോടെ കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി ഓസ്‌ട്രേലിയയിലേക്കെത്തുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
No comments:
Post a Comment