LinkWithin

Related Posts with Thumbnails

Wednesday, April 14, 2010

വിട ഗുര്‍ഷന്‍... തേങ്ങലടക്കാനാകാതെ മെല്‍ബണ്‍

പഞ്ചാബിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍നിന്ന് ഓസ്‌ട്രേലിയിലേക്കു വിമാനം കയറുമ്പോള്‍ ഹര്‍ജീത് ഛന്നയുടെയും ഹര്‍പ്രീത് കൗര്‍ ഛന്നയുടെയും സ്വപ്നങ്ങളില്‍ മികച്ചൊരു തൊഴിലും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുമായിരുന്നിരിക്കണം നിറഞ്ഞു നിന്നിരുന്നത്. അന്യനാട്ടിലെത്തി മാസങ്ങള്‍ പിന്നിട്ടിട്ടും ഒരു ജോലി തരപ്പെടുത്താനാവാത്തതിലുള്ള സങ്കടങ്ങളെല്ലാം അവര്‍ക്കു മറക്കാന്‍ പുത്രന്‍ ഗുര്‍ഷന്റെ ചിരി മാത്രം മതിയായിരുന്നു.
എന്നാല്‍ ഇക്കഴിഞ്ഞ നാലാം തീയതിയിലെ ശപിക്കപ്പെട്ട ആ ദുര്‍ദിനത്തില്‍ തങ്ങള്‍ ജീവനേക്കാള്‍ സ്‌നേഹിക്കുന്ന പൊന്നുമോനെത്തന്നെ വിധി തട്ടിയെടുത്തതോടെ തകര്‍ത്തെറിയപ്പെട്ടത് അവരുടെ സ്വപ്നങ്ങളായിരുന്നു. സ്‌നേഹവര്‍ണങ്ങള്‍ ചാലിച്ചെഴുതിയ ഒരുപിടി ഓര്‍മചിത്രങ്ങള്‍ സമ്മാനിച്ച് കുഞ്ഞുഗുര്‍ഷന്‍ തങ്ങളെ വേര്‍പിരിഞ്ഞെന്ന നിത്യസത്യം ഇനിയും ഉള്‍ക്കൊള്ളാന്‍ ഇരുവര്‍ക്കുമായിട്ടില്ല.
മെല്‍ബണ്‍ തോമസ്ടൗണിലെ ചാപ്പലില്‍ കത്തിച്ച മെഴുകുതിരികള്‍ക്കു നടുവിലെ കൊച്ചുപെട്ടിക്കുള്ളില്‍ ശാന്തമായുറങ്ങുന്ന ഗുര്‍ഷനു സമീപം കണ്ണീര്‍ വാര്‍ത്തിരിക്കുന്ന ഹര്‍ജീതും ഹര്‍പ്രീതും കാണുന്നവര്‍ക്കെല്ലാം തീരാവേദനയായി. ഓസ്‌ട്രേലിയയിലേക്കുള്ള യാത്രയില്‍ കളിചിരികളുമായി തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ഗുര്‍ഷന്റെ ചേതനയറ്റ ശരീരവുമായാണ് തങ്ങള്‍ സ്വദേശത്തേക്കു മടങ്ങുന്നതെന്ന് ഹര്‍പ്രീത് ഇടയ്ക്കിടെ പുലമ്പുന്നുണ്ടായിരുന്നു. ഗുര്‍ഷന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി ചാപ്പലില്‍ ഒരുക്കിയ കൂട്ടായ്മയിലേക്ക് നിരവധി പേരാണ് ഒഴുകിയെത്തിയത്. ദുഃഖം തളം കെട്ടിനിന്ന അന്തരീക്ഷത്തില്‍ ഗുര്‍ഷന്റെ പുഞ്ചിരിക്കുന്ന മുഖവും കുട്ടിക്കുറുമ്പുകളുമായിരുന്നു അവനെ സ്‌നേഹിച്ചിരുന്നവരുടെ മനസുകളില്‍ നിറഞ്ഞുനിന്നിരുന്നത്.
ദുഃഖം കടിച്ചമര്‍ത്തി ഗുര്‍ഷനെ സ്‌നേഹിക്കുന്നവര്‍ക്കു നന്ദി പറയാനും മാതാപിതാക്കള്‍ മറന്നില്ല. തങ്ങളുടെ വേദനയില്‍ പങ്കുചേര്‍ന്ന് ആശ്വാസം പകരാനെത്തിയവര്‍ക്കൊപ്പം കുറ്റവാളിയെ കണ്ടെത്തിയ വിക്‌ടോറിയന്‍ പോലീസിനോടും തങ്ങള്‍ക്കു കടപ്പാടുണ്ടെന്ന് ഇരുവരും കണ്ണീരോടെ പറഞ്ഞു. ഛന്ന കുടുംബത്തിലെ കുഞ്ഞു മാലാഖയായിരുന്നു ഗുര്‍ഷനെന്ന് ക്രയിഗിബേണ്‍ സിഖ് ടെമ്പിള്‍ സെക്രട്ടറി സത്‌നം സിംഗ് അനുസ്മരിച്ചു. ഗുര്‍ഷന്റെ മരണാനന്തര കര്‍മങ്ങള്‍ക്കുശേഷം തിരികെവരുന്ന പക്ഷം ഛന്ന ദമ്പതിമാര്‍ക്ക് രാജ്യത്ത് ജോലി തരപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഡെയര്‍ബിന്‍ കൗണ്‍സിലര്‍ ടിം സിംഗ് ലോറന്‍സ് ഇരുവര്‍ക്കും ഉറപ്പും നല്‍കി. മെല്‍ബണിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച മുള്‍ഗ്രേവ് കമ്യൂണിറ്റി സെന്ററിലും അനുസ്മരണ പ്രാര്‍ഥനാ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.

No comments:

Post a Comment